സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഢാലോചനയിൽ വിചാരണ നേരിട്ട വി ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്നും

ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാർ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആർഎസ്എസിനെന്നും കുറ്റപ്പെടുത്തി.