ബെംഗളൂരു: നിരോധിത മേഖലയിൽ കടന്ന് കാട്ടാനക്ക് മുന്നിൽ സെൽഫിക്ക് ശ്രമിച്ചയാൾക്ക് പിഴ ചുമത്തി. വനം വകുപ്പാണ് 25,000 രൂപ പിഴ ചുമത്തിയത്. ബന്ദിപ്പൂർ വനത്തിലായിരുന്നു സംഭവം. മൈസൂരു നഞ്ചൻഗുഡ് സ്വദേശി ആർ. ബസവരാജുവിനാണ് പിഴയിട്ടത്. ആനയുടെ ആക്രമണത്തിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതോടെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മലയാളി സഞ്ചാരിയാണ് ​സെൽഫിക്ക് ശ്രമിച്ചതെന്ന മട്ടിൽ ഈ വിഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, പരിക്കേറ്റ ഇയാൾ നഞ്ചൻകോട് സ്വദേശിയാണെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും വനംവകുപ്പ് അധികൃതർ ഇയാ​ളെ കണ്ടെത്തി.

ഇ​പ്പോൾ സമൂഹ മാധ്യമങ്ങളിൽ വനയാത്രയിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച ബോധവത്കരണത്തിന് ഇയാളുടെ കുറ്റസമ്മത മൊഴിയടങ്ങുന്ന വിഡിയോ ദൃശ്യം വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടെ പച്ചക്കറി കയറ്റിയ ലോറിയിൽനിന്ന് ഒരു ചാക്ക് കാരറ്റ് ആന തള്ളിയിട്ടിരുന്നു.

ഇത് കഴിക്കുന്നതിനിടെ കാറിൽനിന്ന് പുറത്തിറങ്ങിയ ബസവരാജു ആനക്ക് മുന്നിൽനിന്ന് സെൽഫിക്ക് ശ്രമിക്കുകയായിരുന്നു. ആന ചീറിയടുത്തതോടെ പിന്തിരിഞ്ഞോടിയ ഇയാൾ റോഡിൽ വീണു. ഭാഗ്യത്തിന് ആന ഇയാളെ കടന്നുപോയതു​കൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യം വൈറലായതോടെ വനംവകുപ്പ് കേ​സെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒടുവിൽ ഇയാളെ കണ്ടെത്തി ബന്ദിപ്പൂർ വനം ഓഫിസി​ലെത്തിച്ച് കുറ്റസമ്മതം എഴുതിവാങ്ങി.

ആരും ഇത്തരം കാര്യങ്ങൾ അനുകരിക്കരുതെന്നും വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കുകയോ ചെയ്യരുതെന്നും ഇയാൾ പൊതുജനങ്ങളോട് വിഡിയോയിലൂടെ അഭ്യർഥിച്ചു. വന്യമൃഗങ്ങളെ ​പ്രകോപിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർമിപ്പിക്കാനാണ് ഇത്തരം ബോധവത്കരണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വന്യജീവികളുടെ പ്രധാന ഇടനാഴിയും യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമായ ബന്ദിപ്പുരില്‍ ആനയുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് മരണത്തില്‍ കലാശിച്ചിട്ടുമുണ്ട്. ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണവും ഉണ്ടാവാറുണ്ട്. വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.