കുവൈത്ത് സിറ്റി : വിഷമദ്യ ദുരന്തത്തില്‍ മരണമടഞ്ഞ 13 പേരില്‍ ആറ് പേരും മലയാളികളെന്ന് സൂചന. അതേസമയം മരണ സംഖ്യ 23 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ എങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
മരിച്ചവരില്‍ കണ്ണൂര്‍ ഇരിണാവ് സ്വദേശി സച്ചിന്‌റെ (31) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇന്ന് (15) വൈകിട്ട് മൃതദേഹവുമായി കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനം നാളെ പുലര്‍ച്ചെ 3.45ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. സച്ചിന്‍ കഴിഞ്ഞ 6 വര്‍ഷമായി കുവൈത്ത് പ്രവാസിയാണ്. ഹോട്ടല്‍ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.
വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നൂറിലധികം പേർ ആണ് ചികിത്സയില്‍ കഴിയുന്നത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മദ്യ ദുരന്തത്തിന് ഇരയായവരില്‍ 40 ഇന്ത്യക്കാര്‍ ഉണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും ഏതൊക്കെ സംസ്ഥാനക്കാര്‍ ആണെന്ന വിവരം ലഭ്യമല്ല. എന്നാല്‍ മരിച്ചവരിലും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരിലും കൂടുതല്‍ പേരും മലയാളികളാണ് എന്നാണ് വിവരം. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് മദ്യം കഴിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ആശുപത്രികളിലേക്ക് എത്തിച്ചു തുടങ്ങിയത്. വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് വൃക്ക തകരാറിലായവരും കാഴ്ച നഷ്ടപ്പെട്ടവരുമുണ്ട്. മുപ്പതിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ വെന്‌റിലേറ്ററിലാണ്.