കൊച്ചി: കാലടിയില്‍ വൻ മയക്ക് മരുന്നുവേട്ട.16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി സഹിദുല്‍ ഇസ്ലാം (31), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി ഹസനൂർ ഇസ്ലാം (33) എന്നിവരേയാണ് പെരുമ്ബാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 16 കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. സംഘം കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒഡീഷയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില്‍ സംസ്ഥാനത്ത് വില്‍പ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി. ട്രെയിൻ മാർഗമായിരുന്നു സംഘം കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. അങ്കമാലിയില്‍ തീവണ്ടിയിറങ്ങി ഓട്ടോറിക്ഷയിലാണ് മരോട്ടിച്ചുവടില്‍ എത്തിയത്.
കാലടി മേഖലയില്‍ വില്‍ക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പ്രതികളില്‍നിന്ന് ആരൊക്കെയാണ് കഞ്ചാവ് വാങ്ങുന്നതെന്നും അവർ ആർക്കൊക്കെയാണ് വില്‍പ്പന നടത്തുന്നതെന്നടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
