ബെംഗളൂരു : ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15 വയസ്സുകാരനെ അമ്മാവൻ കൊലപ്പെടുത്തി. കുംബാരഹള്ളിയിലാണു സംഭവം. അമോഗിനെ കൊല്ലപ്പെടുത്തിയ അമ്മാവനായ നാഗപ്രസാദ് (42) അറസ്റ്റിൽ.
അമോഗ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. പണത്തിനു വേണ്ടി അമോഗ് നാഗപ്രസാദിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കിട്ടിയ പണമെല്ലാം അമോഗ് ഓൺലൈൻ ഗെയിമിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഓഗസ്റ്റ് നാലാം തീയതി പുലർച്ചെ 5 മണിയോടെയാണ് സംഭവം. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഉറങ്ങിക്കിടന്ന അമോഗിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം നാഗപ്രസാദ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാൻ പ്രതി തീരുമാനിച്ചിരുന്നെങ്കിലും മൂന്നു ദിവസത്തിന് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു.