കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നോട്ടീസ് നല്‍കി. ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്.