ന്യൂഡൽഹി : ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താല്‍പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നൽകേണ്ടി വന്നേക്കാമെങ്കിലും കർഷകർക്കായി അതിനു തയാറാണെന്നും ഡോ.എം.എസ്.സ്വാമിനാഥൻ ജൻമശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

‘കർഷകരുടെ താൽപര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുൻഗണന. കർഷകരുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നേക്കാം. പക്ഷേ, ഞാൻ തയാറാണ്’’–പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തിൽവരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വർധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിട്ടേക്കും. ഓഗസ്റ്റ് അവസാനവാരം യുഎസ് സംഘം വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിൽ എത്താനിരിക്കെയാണ് ട്രംപിന്റെ ഇരട്ടി പ്രഹരം.