ലണ്ടൻ: അയർലൻഡിൽ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായത് കോട്ടയത്ത് നിന്ന് കുടിയേറിയ കുടുംബത്തിലെ ആറു വയസ്സുകാരി. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോൾ ആണ് കുട്ടിയെ ആക്രമിച്ചത്. ഒരു സംഘം ആൺകുട്ടികളും ഒരു പെൺകുട്ടിയും ‘വൃത്തികെട്ട ഇന്ത്യക്കാരി’ എന്നു വിളിച്ച് ‘ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ’ ആവശ്യപ്പെടുകയായിരുന്നു. സംഘത്തിലെ ചിലർ ആറു വയസ്സുകാരിയുടെ മുഖത്ത് ഇടിക്കുകയും, സൈക്കിൾ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ അടിക്കുകയും ചെയ്തു. മുടിപിടിച്ചു വലിച്ച് കഴുത്തിലും മർദ്ദിച്ചു.

കോട്ടയത്തുനിന്ന് എട്ടു വർഷം മുൻപാണ് കുട്ടിയുടെ അച്ഛനും അമ്മയും നഴ്സായി ജോലി ചെയ്യാൻ അയർലൻഡിൽ എത്തിയത്. പെൺകുട്ടി അയർലൻഡിലാണ് ജനിച്ചത്. അടുത്തിടെ കുടുംബത്തിന് ഐറിഷ് പൗരത്വം ലഭിച്ചിരുന്നു. 12 നും 14 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും എട്ട് വയസ്സുള്ള പെൺകുട്ടിയുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നതെന്നും ഇപ്പോൾ പുറത്ത് കളിക്കാൻ ഭയമാണെന്നും അവർ പ്രാദേശിക മാധ്യമത്തോടു വെളിപ്പെടുത്തി.

‘ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവൾ ഈ രാജ്യത്ത് സുരക്ഷിതയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. വീടിനു മുന്നിൽ പോലും സുരക്ഷിതമായി കളിക്കാൻ കഴിയുന്നില്ല. ഞാൻ ഒരു നഴ്സാണ്. ആളുകളെ പരിചരിക്കുന്നു, നൂറ് ശതമാനം പ്രഫഷനലായി ജോലി ചെയ്യുന്നു. പൗരത്വം ലഭിച്ചിട്ടും ഞങ്ങളെ വൃത്തികെട്ട ആളുകൾ എന്ന് വിളിക്കുകയാണ്’–അമ്മ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ടു ചെയ്തു. കുട്ടിയുടെ മാതാവ് കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിഎസ്‌സി നഴ്സിങ് പാസായശേഷമാണ് അയർലൻഡിലേക്ക് പോയത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഇന്ത്യൻ വംശജനായ ഹോട്ടൽ തൊഴിലാളിയും ആക്രമിക്കപ്പെട്ടു. ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുന്ന കൊൽക്കത്ത സ്വദേശിയായ ലക്ഷ്മൺ ദാസിനെ ജോലിക്ക് പോകുന്ന വഴിയിൽ മൂന്നുപേർ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ, പണം, ഇലക്ട്രിക് സൈക്കിൾ എന്നിവ മോഷ്ടിക്കപ്പെട്ടു. പൊലീസ് കേസെടുത്തു. സമീപ ആഴ്ചകളിൽ അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അയർലന്റിലും യു.കെയിലും ഇന്ത്യക്കാർക്കെതിരെ ആക്രമണം കൂടുകയാണ്‌. യു എസ് പ്രസിഡന്റിന്റെ യൂറോപ്പ് സന്ദർശനത്തിൽ 8 കോടി വരുന്ന യൂറോപ്പിലെ കുടിയേറ്റക്കാർക്കെതിരേ വംശീയമായ പരാമർശം നടത്തിയിരുന്നു. ഇവരെ പുറത്താക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ വലിയ ആക്രമണ പരമ്പരകളാണ്‌ റിപോർട്ട് ചെയ്യപ്പെടുന്നത്.