ബോട്ടിലുണ്ടായിരുന്നവരെല്ലാം എത്യോപ്യയിൽ നിന്നുള്ള അഭയാർഥികളാണ്

അഭയാർഥികളുമായി ഗൾഫ് നാടുകളിലേക്കു പുറപ്പെട്ട ബോട്ട് യെമൻതീരത്തു മുങ്ങി. അപകടത്തിൽപ്പെട്ട 132 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് യുഎൻ ഏജൻസി അറിയിച്ചു. ഞായറാഴ്ച പുലർച്ചെ യെമനിലെ ഷുഖ്റ തീരദേശ പട്ടണത്തിന് സമീപം അഭയാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏകദേശം 200 പേരിൽ 12 പേരെ രക്ഷപ്പെടുത്തി. 56 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്നവരെല്ലാം എത്യോപ്യയിൽ നിന്നുള്ള അഭയാർഥികളാണ്.

അഭയാർത്ഥികളുമായി സഞ്ചരിക്കുമ്പോൾ ഉപയോഗിക്കുന്ന അപകടകരമായ വഴിയിലൂടെയാണ് ബോട്ട് സഞ്ചരിച്ചതെന്ന് അന്താരാഷ്ട്ര ഓർഗനൈസേഷൻ ഫോർ മൈ​ഗ്രേഷന്റെ യെമൻ മേധാവി അബ്ദുസത്താർ ഈസോയേവ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെത്താൻ ആഗ്രഹിക്കുന്ന ആഫ്രിക്കൻ വംശജർക്കായി നൽകുന്ന ബോട്ടുകൾ പതിവായി എത്തിച്ചേരുന്ന യെമനിലെ തെക്കൻ അബിയാൻ പ്രവിശ്യയിലേക്കാണ് ഇത് പോയിരുന്നതെന്നും അബ്ദുസത്താർ ഈസോയേവ് വ്യക്തമാക്കി. രക്ഷപ്പെടുത്തിയ ചിലരെ യെമനിലെ ഏദൻ തുറമുഖത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു.