തിരുവനന്തപുരം : മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. തെക്കൻകേരളത്തിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുമാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം 60 കിലോമീറ്റർ വരെ ആയേക്കാവുന്നതിനാൽ ഇന്ന് മത്സ്യബന്ധനം പാടില്ലെന്നും അറിയിച്ചു. തൃശൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂരിൽ കോളജുകളും പ്രഫഷനൽ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധിയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഇന്നലെ വൈകിട്ട് 7ന് 70.91 ശതമാനമാണ് ജലനിരപ്പ്. 5 അടി കൂടി വെള്ളമെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കനത്ത മഴയിൽ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുണ്ടായി. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് കോസ്‍വേയിൽ വച്ച് വെള്ളിയാർ പുഴയിൽ യുവാവിനെ ഒഴുക്കിൽപെട്ടു കാണാതായി. ഏലകുളവൻ സാബിത്തിനെയാണ് (24) കാണാതായത്.
