ലോക മനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങൾ, ചരിത്രത്തിലെ സമാനതകളില്ലാത്ത കൂട്ടക്കുരുതിക്ക് ഇന്ന് 80 വർഷം. 1945ന് ഇതുപോലൊരു ഓഗസ്റ്റ് 6നാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോബ് വർഷിച്ചത്. ലോകത്ത് ആദ്യമായി യുദ്ധത്തിനിടെ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു അന്ന്.

B-29 ബോംബർ വിമാനം എത്തിച്ച ‘ലിറ്റിൽ ബോയ്’ എന്ന ഈ ആണവ ബോംബ് 140,000-ത്തിലധികം ആളുകളുടെ ജീവനാണ് എടുത്തത്. ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്ന ദിവസമെന്നതിലുപരി, ആണവയുദ്ധത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണിത്.
ഹിരോഷിമ ദിനം, ചരിത്രം
രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ പ്രധാന അച്ചുതണ്ട് ശക്തികളിൽ ഒന്നായിരുന്നു, ആഗോള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ, ഹിരോഷിമയിൽ ബോംബ് വർഷിക്കാൻ യുഎസ് തീരുമാനിച്ചു. അമേരിക്കൻ സൈനിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചതിന് പ്രതികരമായിട്ടായിരുന്നു ഇത്. അമേരിക്കൻ പ്രസിഡന്റ് പദം ഏറ്റെടുത്ത വർഷം തന്നെ ജപ്പാനുമേൽ അണുബോംബ് വർഷിച്ച തീരുമാനമെടുത്ത ഹാരി എസ ട്രൂമാന് പക്ഷെ അതിന്റെ പ്രത്യാഘാതങ്ങൾ കണക്കാക്കാനായില്ല.
അണുബോംബിന്റെ ഇരകളായ ഹിബാകുഷയെന്ന മറ്റൊരു മനുഷ്യവർഗം അന്നവിടെ ജനിച്ചു. മൂന്ന് ദിവസത്തിന് ശേഷം, നാഗസാക്കിയിൽ മറ്റൊരു ആണവ ബോംബ് വർഷിച്ചു. ഹിരോഷിമ നാഗസാക്കി ദുരന്തത്തിൽ ആ വർഷം അവസാനത്തോടെ 200,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതിജീവിച്ചവരെ റേഡിയേഷൻ രോഗം ബാധിച്ചു.
ആണവാക്രമണങ്ങൾ മൂലമുണ്ടായ സങ്കൽപ്പിക്കാനാവാത്ത നാശനഷ്ടങ്ങൾ നേരിട്ട ജപ്പാന്റെ ചക്രവർത്തി ഹിരോഹിതോ, ഓഗസ്റ്റ് 15 ന് രണ്ടാം ലോകമഹായുദ്ധത്തിൽ നിരുപാധികമായ കീഴടങ്ങൽ പ്രഖ്യാപിച്ചു. ജപ്പാന്റെ കീഴടങ്ങലോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു, പക്ഷേ ഇരട്ട സ്ഫോടനങ്ങളുടെ പ്രത്യാഘാതങ്ങൾ ഇന്നും ജപ്പാന് നേരിടുന്നു.
