തിരുവനന്തപുരം : കിഴക്കേകോട്ടയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാനും എസ്കലേറ്റർ സംവിധാനത്തോടു കൂടി പുതുതായി നിർമിക്കാൻ പോകുന്നത് 3 കാൽനട മേൽപാലങ്ങൾ. അട്ടക്കുളങ്ങര ഭാഗത്തേക്കും, കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് ഗാന്ധി പാർക്കിലേക്കും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലും മേൽപാലങ്ങൾ നിർമിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്ക്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അതേസമയം, ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച ഒരു കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ നോക്കുകുത്തിയായി നിൽക്കുകയാണ്. കോട്ടൺഹി‍ൽ സ്കൂൾ ഏരിയ, വഴുതക്കാട്, പട്ടം– കേശവദാസപുരം റോഡ്, കിഴക്കേ കോട്ട എന്നിവിടങ്ങളിലാണ് കാൽനട യാത്രക്കാർ മറ്റിടങ്ങളെക്കാൾ അപകട ഭീഷണി നേരിടുന്നതെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു. കോട്ടൺഹിൽ സ്കൂളിനു മുൻവശം തിരക്കേറിയ സമയങ്ങളിൽ 700 പേരും സെന്റ് മേരീസ് സ്കൂളിന് മുന്നിൽ 3000 പേരും റോഡ് കുറുകെ കടക്കുന്നു എന്നാണ് നാറ്റ്പാക്കിന്റെ സർവെയിലെ കണ്ടെത്തൽ. കോട്ടൺഹിൽ, സെന്റ് മേരീസ് സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച കാൽനട മേൽപാലങ്ങൾ ജനം ഉപയോഗിക്കുന്നുണ്ട്. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹാൻഡ് റെയ്‍ലുകൾ സ്ഥാപിക്കണമെന്നും തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും നാറ്റ്പാക് ശുപാർശ ചെയ്തിട്ടുണ്ട്.