അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷികത്തിൽ വികാരഭരിതനായി സൂര്യ. അന്ന് 160 സീറ്റിൽ ആരംഭിച്ച കുട്ടികളുടെ പഠനം ഇന്ന് ആറായിരത്തിൽ എത്തി നിൽക്കുന്നുവെന്ന് സൂര്യ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ തുടങ്ങിയ അഗരം 2006 സെപ്റ്റംബർ 25നാണ് രൂപം കൊളളുന്നത്. അഗരത്തിലെ കുട്ടികൾക്കായി വിവിധ കോളജുകളിലായി എഴുന്നൂറോളം സീറ്റുകളും ഇന്നു മാറ്റി വയ്ക്കുന്നുണ്ടെന്നും സൂര്യ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
‘‘എന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിക്കുന്നത്. എന്നാൽ ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ഞാൻ ആഗ്രഹിച്ചതും, അതു മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നു.’’–സൂര്യയുടെ വാക്കുകൾ.
സൂര്യയുടെ അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 ഡോക്ടർമാരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരുമാണ്. ആയിരത്തിഎണ്ണൂറോളം പേർ എൻജിനിയേഴ്സ് ആയി ജോലി ചെയ്യുന്നു. അഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നതും എടുത്തു പറയണം.
