ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ താമസക്കാര്‍ക്ക് കഴിയും
ദുബായി: ദുബായില്‍ പാര്‍ക്കിങ് സൗകര്യം കൂടുതല്‍ എളുപ്പമാക്കി പാര്‍ക്കിന്‍ കമ്പനി. എമിറേറ്റിലെ താമസക്കാര്‍ക്കായി വ്യത്യസ്ത പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലെ വിവിധ മേഖലകളിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതാണ് പാര്‍ക്കിന്‍ കമ്പനിയുടെ പുതിയ പാക്കേജുകള്‍. ഒമ്പത് വ്യത്യസ്ത പാക്കേജുകളാണ് താമസക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ താമസക്കാര്‍ക്ക് കഴിയും. പ്രതിദിന യാത്രക്കാര്‍ക്കും റെസിഡന്‍ഷ്യല്‍ ഏരിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ആളുകള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി. വിദ്യാര്‍ഥികള്‍ക്ക് 80% വരെ കിഴിവ് ലഭിക്കുന്ന പാക്കേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മാസം – 100ദിര്‍ഹം, മൂന്ന് മാസം – 300 ദിര്‍ഹം, ആറ് മാസം – 600 ദിര്‍ഹം, 12 മാസം – 1,200 ദിര്‍ഹം എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്കായുളള പാക്കേജ്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വേണ്ടി പ്രത്യേക പക്കേജും അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവിലുള്ള പാര്‍ക്കിംഗ് ഏരിയകൾ ഇവര്‍ക്ക് ഉപയോഗിക്കാം. ഒരു മാസം – 100 ദിര്‍ഹം, മൂന്ന് മാസം – 300 ദിര്‍ഹം, ആറ് മാസം – 600 ദിര്‍ഹം, 12 മാസം – 1,200 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍.
