ന്യൂഡൽഹി∙ ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017ൽ ബിഹാർ ഗവർണറായി മാലിക്കിനെ നിയമിച്ചു. തുടർന്ന് ഒഡീഷയുടെ അധിക ചുമതലയും നൽകി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീർ ഗവർണറാകുന്നത്.

ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽനിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാലിക് കൂടുമാറി.