ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിലായിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറച്ചുകലാമായി ഇവർ നഗരത്തിൽ വിവിധ ജോലികൾ ചെയ്ത് വരികയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, നഗരത്തിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശി പൗരന്മാരെ ശനിയാഴ്ച ഗുരുഗ്രാം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തിരുന്നു. അവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി ഗുരുഗ്രാം പോലീസ് പിആർഒ സന്ദീപ് കുമാർ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം പരിപാടികൾ നടക്കാനിരികികെ രാജ്യ തലസ്ഥാനത്ത് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസ് നടത്തിയ മോക് ഡ്രില്ലിനിടെ കഴിഞ്ഞദിവസം ‘ഡമ്മി ബോംബുമായി’ ഒരാൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് കണ്ടെത്താൻ സാധിച്ചില്ല.

ഇതോടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്,ചെങ്കോട്ടയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ബംഗ്ലാദേശി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.