കാരണമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 500 റിയാൽ വരെ പിഴ ലഭിക്കും
സൗദി: സൗദി അറേബ്യയിൽ റോഡിൽ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ഒരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 500 റിയാൽ വരെ പിഴ ലഭിക്കുമെന്ന് അധികൃതർ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി.
ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിലുള്ള വാഹനം അകാരണമായി പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് പിന്നിലുള്ളതും വശങ്ങളിലുള്ളതുമായ വാഹനങ്ങൾക്ക് ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാക്കുമെന്നും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും സൗദി ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു. ഇത്തരം പ്രവർത്തികൾ റോഡിൽ ഗതാഗതക്കുരുക്കിനും മറ്റ് അസൗകര്യങ്ങൾക്കും ഇടയാക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
