ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് അസംസ്കൃത അലുമിനിയം അലോയികളാണ്

ബഹ്റൈൻ: കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ബഹ്റൈൻ. ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം, ബഹ്റൈന്റെ ദേശീയ കയറ്റുമതി 2.014 ബില്യൺ ദിനാറിലെത്തി. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ലോഹങ്ങളും മറ്റ് വ്യാവസായിക ഉൽപ്പന്നങ്ങളുമായിരുന്നു. അസംസ്കൃത വസ്തുക്കളായ അലുമിനിയം അലോയികളും അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളും ഈ വളർച്ചയിൽ നിർണായകമായി. വളർച്ച ബഹ്റൈന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉത്തേജനവും നൽകിയിട്ടുണ്ട്.

ഈ ആറ് മാസങ്ങളിൽ, ബഹ്‌റൈൻ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് അസംസ്കൃത അലുമിനിയം അലോയികളാണ്. ഇതിന്റെ മൂല്യം 572.7 ദശലക്ഷം ദിനാറാണ്. രണ്ടാമതായി 322.3 ദശലക്ഷം ദിനാറിന്റെ ഇരുമ്പയിരുകളാണ് കയറ്റുമതി ചെയ്തത്. ഏകദേശം 5.4 ബില്യൺ കിലോഗ്രാമിലധികം ഇരുമ്പയിരാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.