‘ആടുജീവിത’ത്തെ ഒരിക്കൽ പുകഴ്ത്തിയ അശുതോഷ് ഗോവാരിക്കർ, ദേശീയ പുരസ്‌കാര ജൂറി ചെയർമാൻ ആയപ്പോൾ അഭിപ്രായം മാറ്റി പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകൻ ബ്ലെസ്സി. ‘ലോറൻസ് ഓഫ് അറേബ്യ’യ്ക്കു ശേഷം ഇത്രയധികം മനോഹരമായി മരുഭൂമി ഷൂട്ട് ചെയ്തിട്ടുള്ള സിനിമ കണ്ടിട്ടില്ലെന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞത്. അന്ന് അങ്ങനെ പറഞ്ഞ ആൾ ഇന്ന് പുരസ്‌കാരത്തിന് പരിഗണിക്കാതിരിക്കാനുള്ള കാരണമായി പറയുന്നത് സിനിമയുടെ സാങ്കേതിക പിഴവാണ്. ഒരുപക്ഷേ ചിത്രം വീണ്ടും കണ്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടുണ്ടാകില്ലെന്ന് ബ്ലെസ്സി പറയുന്നു. തിരുവനന്തപുരത്ത് സിനിമാ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മിനിസ്റ്റർ ശിവൻകുട്ടിയുടെ പ്രതികരണം കണ്ടു. ഒരു മന്ത്രി ആ രീതിയിൽ പ്രതികരിച്ചതിൽ വളരെ സന്തോഷമുണ്ട്. കാരണം ഇത് എന്റെ മാത്രം വിഷയം അല്ലല്ലോ എന്നുള്ള സമൂഹത്തിനോടുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ആ പ്രതികരണം. അദ്ദേഹത്തിനെ പോലെതന്നെ സമൂഹത്തിൽ നിന്ന് വളരെ വ്യത്യസ്തരായ പല ആളുകളും പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം ഇതു സിനിമയുടെയോ എന്റെയോ മാത്രം വിഷയമായിട്ടല്ല തോന്നുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ അവാർഡിന് അയച്ച ഒരു സിനിമ എനിക്ക് കിട്ടിയില്ല എന്നുള്ള രീതിയിൽ ഒരു പരാതിയും പറയാൻ ആഗ്രഹിക്കുന്നില്ല. അതിനപ്പുറമായിട്ടുള്ള ചില വിഷമതകൾ ഉള്ളതാണ് എന്നുള്ളത് എല്ലാവർക്കും അറിയാം. അതിന്റെ പിന്നിലെ കാര്യകാരണങ്ങളൊക്കെ സമൂഹം സംസാരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഒരു സിനിമ ചെയ്യുകയും, ഇത്രയധികം നല്ല പ്രതികരണങ്ങൾ സംസ്ഥാന തലത്തിൽ കിട്ടുന്ന ഒരു സിനിമ ദേശീയ അവാർഡിന് അയയ്ക്കുന്നത് പ്രതീക്ഷയോടുകൂടി തന്നെയാണ്. എല്ലാ കാറ്റഗറിയിലും നമുക്ക് ആ പ്രതീക്ഷയോടു കൂടി തന്നെയാണ് ഇരുന്നത്. പതിനാലോളം നോമിനേഷൻസ് പോയിട്ടുണ്ടെന്നുള്ളതാണ് അറിഞ്ഞിട്ടുള്ളത്. പ്രതീക്ഷയോടുകൂടി തന്നെയാണല്ലോ നമ്മൾ ഓരോ പ്രവൃത്തിയും ചെയ്യുന്നത്. മനഃപൂർവമായി തഴഞ്ഞു എന്നുള്ള ഒരു സ്റ്റേറ്റ്മെന്റിന് യാതൊരു പ്രസക്തിയും ഇല്ല.