നൂറിലധികം പേര്‍ക്ക് മണിക്കൂറുകളോളം അബുദബി രാജ്യാന്തരവിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു
യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്. അബുദബിയില്‍ ഇന്നലേയും ഇന്നുമായി രണ്ട് വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകിയത്. തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമുളള വിമാനങ്ങള്‍ വൈകിയതോടെ യാത്രക്കാര്‍ പെരുവഴിയിലാകുകയും ചെയ്തു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 524 എന്ന വിമാനം ഇന്നലെ വൈകിട്ട് അഞ്ച് ഇരുപതിന് അബുദാബിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. രണ്ട് മണിക്കൂര്‍ വൈകുമെന്ന് യാത്രക്കാര്‍ക്ക് ഉച്ചയോടെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. രാത്രി എഴുമണിയോട് കൂടി വീണ്ടും വൈകുമെന്ന് അറിയിപ്പ് വന്നു. സാങ്കേതിക തകരാര്‍ ആണ് കാരണമായി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് രാത്രി 10.30 വരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. വിമാനത്തിൽ എ.സിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ടെര്‍മിനലില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ ഒന്നരക്കാണ് വിമാനം തിരുവനന്തപുരത്തേക്ക് പറന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ആറരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
