കോഴിക്കോട്: ലഹരികേസിൽ കോഴിക്കോട്ടെ കുന്ദമംഗലം പോലീസിന്റെ പിടിയിലായ പി.കെ. ബുജൈർ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ബന്ധുവാണെന്ന വിവരം പുറത്തുവന്നതോടെ ആ ലഹരിക്കേസും രാഷ്‌ട്രീയ വിവാദം ആകുന്നു. കുന്ദമംഗലം പോലീസ് തന്ത്രപരമായി പിടികൂടിയ പി.കെ. ബുജൈർ ലഹരിവസ്തുക്കളുടെ വിതരണത്തിലെ പ്രധാനകണ്ണി ആണെന്ന് വ്യക്തം ആയിട്ടുണ്ട്. പക്ഷേ ഇയാൾക്കെതിരേ ലഹരിക്കേസ് ചുമത്തിയിട്ടില്ല.
പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചതിനാണ് ഇന്നലെ കേസെടുത്തത്. എന്നാൽ ഇയാൾക്ക് ലഹരിവിൽപ്പനക്കണ്ണിയിൽ ദൃഢമായ ബന്ധമുണ്ടെന്ന വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിലും വിതരണത്തിലും കുപ്രസിദ്ധനായ റിയാസ് എന്നയാൾ പോലീസിന്റെ പിടിയിലാണ്. ഇയാളുടെ ഫോണിലേക്ക് പി.കെ. ജുബൈറിന്റെ സന്ദേശം വന്നപ്പോൾ ഇന്ന് സ്ഥലത്തുകാണാമെന്നും ലഹരിവസ്തു കൈമാറാമെന്നും മറുപടി കൊടുത്തത് പോലീസാണ്. അതുപ്രകാരം സ്ഥലത്തെത്തിയ ബുജൈറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ ജുബൈർ പോലീസിനെ ആക്രമിച്ചു.
ബുജൈർ ഏറെക്കാലം ഗൾഫിലായിരുന്നു. മടങ്ങിയെത്തിയ ശേഷം പല ബിസിനസുകളിലും ഏർപ്പെട്ടു. ഇപ്പോൾ ലഹരിവസ്തു വിതരണ ശൃംഖലയിൽ ശക്തമാണ്. പി.കെ. ബുജൈറിന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസുമായി ബന്ധുത്വമുണ്ട്. ഈ വിഷയത്തിൽ ഫിറോസിൽനിന്ന് വിവരം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.
അതിനിടെ ഈ ലഹരിക്കേസും രാഷ്‌ട്രീയമാക്കാനുള്ള ആസൂത്രണം നടക്കുകയാണ്. ലഹരിക്കേസിൽ പ്രതിയായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഈ വിഷയത്തിൽ വിമർശനമുയർത്തി. ബിനീഷിനെതിരേ ഉണ്ടായ ലഹരിമരുന്നു കേസിനെ ഓർമ്മിപ്പിച്ച് പി.കെ. ഫിറോസിനെ ബിനീഷ് വിമർശിക്കുന്നു. ഇത് എൽഡിഎഫ്-യുഡിഎഫ് പതിവായി അഴിമതി, അക്രമം തുടങ്ങിയ കേസുകളിൽ പരസ്പരം ആരോപിച്ച് ഉണ്ടാക്കാറുള്ള ഒത്തുതീർപ്പുകളുടെ വഴിയിലേക്ക് ഈ കേസും കൊണ്ടുപോകാനുള്ള നീക്കമാണെന്ന വിമർശനവും സോഷ്യൽ മീഡിയകളിൽ ഉയരുന്നു.
