ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം പാക് അധിനിവേശ കശ്മീരില്‍ നടന്നു. പാക്ക് അധിനിവേശ കശ്മീരിലെ റാവൽകോട്ടിലെ ഖായി ഗാലയില്‍ നടന്ന താഹിറിന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡറായ റിസ്വാൻ ഹനീഫ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്നാൽ റിസ്വാൻ ഹനീഫ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘർഷത്തിൽ കലാശിച്ചെന്നുമാണ് റിപ്പോർട്ട്. കൂടാതെ സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തെന്നും ഇതോടെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്നതിനും കൂടുതൽ സ്ഥിരീകരണം ലഭിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരൻ താഹിർ ഹബീബ് മുൻപ് ഇസ്‌ലാമി ജാമിയത്ത് തലബ, സ്റ്റുഡന്റ് ലിബറേഷൻ ഫ്രണ്ട് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായാണ് വിവരം.
ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. അവർ ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ അറിയിച്ചിരുന്നു. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ഭീകരരെ അനുവദിച്ചില്ല. പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.
അന്നു മുതൽ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
