ശരിയായതും കൃത്യമായതുമായ വിവരങ്ങള്‍ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
ദുബായി: ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷക്കൊപ്പം നല്‍കുന്ന രേഖകളുടെ ആധികാരികത ഉറപ്പാക്കണമെന്ന
മുന്നറിയിപ്പുമായി ജിഡിആര്‍എഫ്എ. വിസക്ക് അപേക്ഷിക്കുന്നവര്‍ അവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതുമൂലം നടപടിക്രമങ്ങള്‍ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ശരിയായതും കൃത്യമായതുമായ വിവരങ്ങള്‍ വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന വ്യക്തി വിവരങ്ങളായ ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേരുകളിലെ സ്‌പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ജി.ഡി.ആര്‍.എ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഫോട്ടോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുളള വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈനായി വിവരങ്ങള്‍ കൈമാറിയ ശേഷം നല്‍കിയ രേഖകള്‍ ശരിയായാണെന്ന് ആവര്‍ത്തിച്ച് ഉറപ്പുവരുത്തണമെന്നും ജി.ഡി.ആര്‍.എഫ്.എ നിർദ്ദേശിച്ചു.
ഉപയോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ അപേക്ഷകൾക്ക് മേലുള്ള നടപടികൾക്ക് കാലതാമസം നേരിടാറുണ്ട്. ഇത് ഒഴിവാക്കാൻ, അപേക്ഷകർ കൃത്യമായ വിവരങ്ങൾ നൽകുകയും അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ജി.ഡി.ആര്‍.എഫ്.എ വ്യക്തമാക്കി.
