തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം. ഇന്നും നാളെയും സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം.

നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടക്കുന്നത്. ഇന്നും നാളെയും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ പ്രതിഷേധം നടക്കും. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും.

അതേസമയം, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് കത്തോലിക്കാ സഭ. സഭ നിയമ വിദഗ്ധരുമായി ഉള്‍പ്പെടെ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും സഭ വ്യക്തമാക്കി.

അതിനിടെ ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിലാണ് ഡല്‍ഹി രാജറായിലെ മഠത്തില്‍ എത്തിച്ചത്. കന്യാസ്ത്രീകള്‍ക്ക് ചികിത്സ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ വെച്ചാകും നടക്കുന്നത്. ഇരുവര്‍ക്കുമെതിരെയുള്ള കേസ് റദ്ദാക്കുന്ന കാര്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.