ഓണക്കാലം വന്നെത്തി കഴിഞ്ഞു. ഓണത്തിന് മുമ്പ് വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിനോട് ചേര്‍ന്നുള്ള സപ്ലൈക്കോ ഔട്ട്‌ലെറ്റ് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തെയും വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ശബരി വെളിച്ചെണ്ണയുടെ വില 1 ലിറ്റര്‍ 349 രൂപയ്ക്ക് വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പത്ത് മുതല്‍ ഈ വില വീണ്ടും കുറയുമെന്നാണ് വിവരം. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ സംസ്ഥാനത്തെ 52 വെളിച്ചെണ്ണ ഉത്പാദകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
അമിത ലാഭം എടുക്കുന്നതില്‍ നിന്ന് ഉത്പാദകരോട് പിന്മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. അതിനിടെ, കേര ഫെഡിന്റെയും കേരജയുടെയും വെളിച്ചെണ്ണ വില കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം രാവിലെ കൃഷിമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും മന്ത്രി.
വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ഇടത്തട്ടുകാര്‍ക്കും തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ ഉത്പാദകര്‍ക്കുമാണ് വെളിച്ചെണ്ണ വില വര്‍ധനവ് ഗുണം ചെയ്തത്. ഓണത്തിന് 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.
