കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്. നടന്മാരായ മോഹൻലാലും മമ്മൂട്ടിയും പറഞ്ഞാൽ താൻ പത്രിക പിൻവലിക്കാമെന്ന് നേരത്തെ ജ​ഗദീഷ് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ രവീന്ദ്രൻ നിശ്ചയിച്ചത്. ഇതോടെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ജഗദീഷും രവീന്ദ്രനും പിന്മാറിയതോടെ ശ്വേത മേനോനുള്ള സാധ്യത ഏറുകയാണ്.

ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. അതേസമയം തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സര ചിത്രം ഇന്ന് അറിയും. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ആ​ഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ഇതിലേക്ക് രണ്ടുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്. ട്രഷറ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർസ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം.

അതേസമയം സം​ഘടനയുടെ തലപ്പത്തേക്ക് നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. നിരവധി മുതിർ അഭിനേതാക്കൾ ബാബുരാജ് മത്സരിക്കരുതെന്ന് അറിയിച്ചിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നാണ് നടി മല്ലിക സുകുമാരൻ പറഞ്ഞത്. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക പറഞ്ഞു.