ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം ശക്തമാക്കവേ, പാകിസ്താനുമായി വെടിനിർത്തല്‍ ഉണ്ടായതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് പാകിസ്താൻ ആക്രമണം നടത്തി. തിരിച്ചടിയായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകർത്തുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇതിനുശേഷം, പാകിസ്താൻ ഇപ്പോള്‍ യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച്‌ വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയെന്ന് രാജ്യസഭയില്‍ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കർ പറഞ്ഞു.

രാജ്യങ്ങളുടെ പേരുകള്‍ പരാമർശിച്ചില്ലെങ്കിലും സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രബന്ധം പുലർത്തിയിരുന്നുവെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും വെടിനിർത്തലിനുള്ള ഏത് അഭ്യർത്ഥനയും ഔദ്യോഗിക സൈനിക മാർഗങ്ങളിലൂടെ വരണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

”പോരാട്ടം നിർത്തണമെങ്കില്‍, അത് പാകിസ്ഥാന്റെ ഡിജിഎംഒ (ഡയറക്ടർ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) അഭ്യർത്ഥിക്കണമെന്ന് ഞങ്ങള്‍ അറിയിച്ചു, അതുതന്നെയാണ് സംഭവിച്ചതും.’ ജയശങ്കർ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പങ്കുവഹിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ട് ജയശങ്കർ പറഞ്ഞു: ”ഞാൻ വ്യക്തമായി പറയട്ടെ- ഏപ്രില്‍ 22-നും ജൂണ്‍ 16-നും ഇടയില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഒരു ഫോണ്‍ കോള്‍ പോലും ഉണ്ടായിട്ടില്ല.’

വ്യാപാര ഭീഷണി ഉപയോഗിച്ച്‌ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളുടെ പേരില്‍ പ്രതിപക്ഷം സർക്കാരിനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും ഓപ്പറേഷൻ സിന്ദൂർ നടത്തി പാകിസ്താന് മറുപടി നല്‍കിയിട്ടുണ്ടെന്നും അയല്‍രാജ്യം വീണ്ടും ആക്രമിച്ചാല്‍ അത് തുടരുമെന്നും ജയ്ശങ്കർ പറഞ്ഞു.