ഉരുളുറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്

കേരളത്തിൻ്റെ ഉള്ളുലച്ച വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്.

24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. അതിഭയാനക ശബ്ദത്തിനു പിന്നാലെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. ഉണർന്നിരുന്നവർക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരമായിരുന്നു ആ ഒഴുക്ക്.

അപകടത്തിൽ 298 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. അപ്പോഴും 32 പേരെ കാണാതായി എന്നാണ് കണക്ക്. അവർ എവിടെയൊക്കെ അകപ്പെട്ടു എന്നത് ആ ദുരന്തത്തിൻ്റെ വ്യാപ്തിയാണ് കാണിച്ചു തരുന്നത്.