നടി ആക്രമിക്കപ്പെട്ടപ്പോൾ എഎംഎംഎയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: എഎംഎംഎയിൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്ന് ഭാഗ്യലക്ഷ്മി റിപ്പോർട്ടറിനോട്. സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്ത്രീ നേതൃത്വം വേണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഉറച്ച തീരുമാനമെടുക്കാൻ ശക്തിയുള്ളവർ നേതൃത്വത്തിൽ വരണം. നടി ആക്രമിക്കപ്പെട്ടപ്പോൾ എഎംഎംഎയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസിയിലെ അംഗങ്ങൾ അല്ലാതെ ഒരു സ്ത്രീ പോലും അവരോടൊപ്പം നിന്നില്ല. ആരോപണ വിധേയൻ മാറി നിൽക്കട്ടെയെന്ന് ആരും പറഞ്ഞില്ല. മുതിർന്ന സിനിമാനടികൾ പോലും നിശബ്ദരായി നിന്നു. പുതുതലമുറയിലെ ആൺകുട്ടികളുടെ ശബ്ദം കൊണ്ടാണ് എന്തെങ്കിലും നിലപാടെടുക്കേണ്ടി വന്നത്. ഇത്തരം സ്ത്രീകൾ പദവിയിൽ വരരുത്. തീരുമാനമെടുക്കാൻ ആർജ്ജവമുള്ള സ്ത്രീകൾ മുന്നോട്ടു വന്നിട്ടേ കാര്യമുള്ളൂ. എഎംഎംഎയിൽ പ്രസിഡന്റും സെക്രട്ടറിയും സ്ത്രീകളാകണം. സ്ത്രീകൾ മുൻനിരയിലേക്ക് വരട്ടെ എന്ന് നിലപാട് എടുക്കണം. അങ്ങനെ നിലപാടെടുത്താൽ ഒരു വലിയ മാതൃകയാകും. ഇതിന് മുൻകൈയെടുക്കേണ്ടത് മമ്മൂട്ടിയും മോഹൻലാലുമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, എഎംഎംഎ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും നിലപാട് അറിയിച്ചു. സുരേഷ് ഗോപിയുമായും സംസാരിച്ചു. എഎംഎംഎയെ വനിതകൾ നയിക്കട്ടെയെന്നാണ് ജഗദീഷിന്റെ നിലപാട്. മുതിർന്ന താരങ്ങളുടെ അനുമതിയാണ് ഇനി ജഗദീഷിന് വേണ്ടത്.
