ഇത്തരം വ്യാജ സന്ദേശങ്ങളിൽ കസ്റ്റംസ് പാർസലുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച്, അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനോ വ്യാജ ലിങ്കുകളിലൂടെ പണമോ ഫീസുകളോ നൽകാൻ ആവശ്യപ്പെടുകയോ ചെയ്‌തേക്കാം
ദോഹ: തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ കസ്റ്റംസ് പാർസലുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച്, അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനോ വ്യാജ ലിങ്കുകളിലൂടെ പണമോ ഫീസുകളോ നൽകാൻ ആവശ്യപ്പെടുകയോ ചെയ്‌തേക്കാം.
ഈ സന്ദേശങ്ങൾ കസ്റ്റംസ് വിഭാഗമോ രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക ഏജൻസികളോ പുറത്തിറക്കുന്നതല്ല. ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.പൊതുജനങ്ങളുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രമായിരിക്കുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.
അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കുക. സംശയാസ്പദമായ സന്ദേശങ്ങൾ അധികാരികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക എന്നിവയാണ് കസ്റ്റംസ് പുറത്തുവിട്ട ജാഗ്രത നിർദേശങ്ങൾ.
