കൊച്ചി: മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഫുട്ബോൾ താരം അറസ്റ്റിൽ. കൊട്ടാരക്കര കരിക്കോം സ്വദേശി കെ കെ ഹോബിനെ (23) ആണ് കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോർത്ത് ഫുട്ബോൾ ക്ലബിലെ കളിക്കാരൻ കൂടിയാണ് ഹോബിൻ.

മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഏപ്രിൽ 11നാണ് യുവതി കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെത്തി ഹോബിനെതിരെ പരാതി നൽകിയത്.

സൈബർ പോലീസ് കേസടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ഹോബിൻ എറണാകുളം സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് ഹോബിൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.