വിഷയം ഇപ്പോഴും നയതന്ത്ര ഇടപെടലുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പ്രചരിക്കുന്ന വാർത്തകളെ പറ്റിയും അധികൃതർ വ്യക്തമാക്കി
ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. പ്രചരിക്കുന്ന വാർത്തകൾ കൃത്യതയില്ലാത്തതാണെന്നും നിലവിലെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നേരത്തെ താൽക്കാലികമായി മാറ്റി വെച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ സനയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചുവെന്നായിരുന്നു പുറത്തു വന്ന വാർത്ത. വിഷയം ഇപ്പോഴും നയതന്ത്ര ഇടപെടലുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
“ഇത് വളരെ സെൻസിറ്റീവ് വിഷയമാണ്, കേസിൽ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഞങ്ങൾ നിയമസഹായം നൽകുകയും കുടുംബത്തെ സഹായിക്കാൻ ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. കുടുംബത്തിന്റെ പതിവ് കോൺസുലാർ സന്ദർശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്, ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും- വിദേശകാര്യ വക്താവ് രൺദീപ് ജയ്സാൾ പറഞ്ഞു.
