ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമസ്ഥലയിൽ ഒട്ടേറെ മൃതശരീരങ്ങൾ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു. ആൻ്റി നക്‌സൽ ഫോഴ്‌സിനെ (എഎൻഎഫ്) ഈ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

സാക്ഷി തിരിച്ചറിഞ്ഞ 15 സ്ഥലങ്ങളിൽ ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ് എന്നാണ് റിപ്പോർട്ടുകൾ. അടുത്ത നാല് സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും, 14ഉം 15ഉം ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്.

മംഗളൂരുവിൽ പ്രത്യേക അന്വേഷണ സംഘം സാക്ഷിയെ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ വെളിപ്പെടുത്തിയത്. ജൂലൈ 26, 27 തീയതികളിലായി നടന്ന ചോദ്യ ചെയ്യലിന് മല്ലിക്കാട്ടെയിലെ ഇന്റലിജൻസ് ബ്യൂറോ ഓഫീസിൽ അഭിഭാഷകർക്കൊപ്പമാണ് ഇയാൾ ഹാജരായത്.

ധർമസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങൾ പുറത്തുവിടരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വക്കീൽ വഴി ധർമസ്ഥല പോലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവരെ ബലാത്സംഗം ചെയ്ത കൊന്നിട്ടുണ്ടെന്നും, ഒട്ടേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കത്തിച്ച് കുഴിച്ചുമൂടിയിട്ടുണ്ടെന്നുമാണ് വക്കീൽ വഴി പോലീസിന് നൽകിയ പരാതിയിലെ വെളിപ്പെടുത്തൽ.

1998-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. കുടുംബത്തെ ഉൾപ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനെ തുടർന്ന് ഇയാൾ നാട് വിട്ട് ഏറെ കാലം മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. എന്നാൽ, കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം എന്ന് തോന്നിയത് കൊണ്ടാണ് സംഭവം നടന്ന ഇത്രയും വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നത് എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുറമെ പുരുഷന്മാരും കൊല്ലപ്പെട്ടതായാണ് ശുചീകരണ തൊഴിലാളി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പല കൊലപാതകങ്ങളും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, മൃതശരീരങ്ങൾ മറവ് ചെയ്‌തില്ലെങ്കിൽ കൊലപ്പെടുത്തെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാളുടെ മൊഴിയിൽ പറയുന്നു.