അമീനയുടെ അറസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സുൽത്താന ബീഗം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്

ദുബായിൽ ജോലിക്കായി പോയ ഇന്ത്യൻ സ്വദേശിയായ വനിതയെ അനധികൃത മയക്കുമരുന്നുമായി പിടികൂടി. ഹൈദരാബാദിലെ കിഷൻ ബാഗിലെ കോണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗമാണ് ദുബായിൽ അറസ്റ്റിലായത്.

ഒരു പ്രാദേശിക ട്രാവൽ ഏജൻ്റ് വാഗ്ദാനം ചെയ്ത ബ്യൂട്ടി പാർലറിലെ ജോലിയുമായി ബന്ധപ്പെട്ട് 2025 മെയ് 18നാണ് അമീന ബീ​ഗം ദുബായിലേക്ക് തിരിച്ചതെന്നാണ് റിപ്പോർട്ട്. അമീനയുടെ അറസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സുൽത്താന ബീഗം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. അമീന ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ അവളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മയക്കുമരുന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു.

ബാഗിൽ ഉണ്ടായിരുന്നതിന വസ്തുക്കളെക്കുറിച്ച് അമീനയ്ക്ക് അറിവില്ലായിരുന്നുവെന്നും ദുബായിലുള്ള ഒരാൾക്ക് കൈമാറാനാണ് ആവശ്യപ്പെട്ടതെന്നും അമ്മ പറയുന്നു. താൻ നിരപരാധിയാണെന്ന് ജയിലിൽ നിന്ന് വിളിച്ച് അമീന കുടുംബത്തോട് പറഞ്ഞതായും സുൽത്താന ബീഗം കൂട്ടിച്ചേർത്തു.

മകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അടിയന്തിര സഹായം അഭ്യർത്ഥിച്ച് അമീനയുടെ മാതാവ് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകി. മകളുടെ മോചനം സാധ്യമാക്കാൻ നിയമസഹായവും വേഗത്തിലുള്ള നടപടിയും തേടി കുടുംബം അബുദാബിയിലെ ഇന്ത്യൻ എംബസിയുമായും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടിട്ടുണ്ട്.