നിരവധി ആരാധകരുള്ള നടനാണ് സഞ്ജയ് ദത്ത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപിടി പ്രോജക്റ്റുകളുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ആരാധിക 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ തന്റെ പേരിൽ വില്‍പ്പത്രം തയ്യാറാക്കിവെച്ചിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ പേരിൽ എഴുതിവെച്ച സ്വത്തുക്കൾ നിഷയുടെ കുടുംബത്തിന് തിരികെ നൽകിയെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ കേർളി ടെയ്ൽസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.

2018-ലാണ് മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം എഴുതിവച്ചത്. നിഷ തന്റെ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. ഇതിനിടെയിലാണ് താൻ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് തന്റെ എല്ലാ സ്വത്തുക്കളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയത്. പിന്നാലെ മരണശേഷമാണ് ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ കണ്ടെത്തിയത്. ഇക്കാര്യം അന്ന് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.

അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് മുറി ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫ്ലാറ്റടക്കമാണ് അവർ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിവച്ചത്. മരണാനന്തരം നടന്ന പ്രാര്‍ഥനായോഗത്തിനുശേഷമാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. മരിക്കുന്നതിനു ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു നിഷ സ്വത്തുക്കൾ ദത്തിന് എഴുതിവച്ചത്.

ആരാധികയുടെ പ്രവർത്തിയിൽ താരം അന്ന് നടുക്കം രേഖപ്പെടുത്തിയിരുന്നു. നിഷയെ തനിക്ക് നേരിട്ട് അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെ അസ്വസ്ഥനാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് താൻ നിഷയുടെ കുടുംബത്തിന് തിരികെ നൽകിയെന്നും അദ്ദേഹം അറിയിച്ചു.