ബിഹാറിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നത്

തിരുവനന്തപുരം: ആര്‍എസ്എസിൻ്റെ ജ്ഞാനസഭയ്ക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്
രാജ്യത്തെ വിദ്യാഭ്യാസം താറുമാറാണെന്നും താറുമാറായ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കണ്ണുതുറന്നു നോക്കാൻ ആർഎസ്എസ് തയ്യാറാക്കണമെന്നും ശിവപ്രസാദ് ആവശ്യപ്പെട്ടു.

45 .6 ശതമാനം പേർ മാത്രമാണ് 1 മുതൽ 12 വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുട്ടികൾ കൊഴിഞ്ഞു പോകുകയാണ്. ബിഹാറിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.1.5 ലക്ഷം സ്കൂളുകളിൽ വൈദ്യുതിയില്ല. 6.5 ലക്ഷം സ്കൂളുകളിൽ കമ്പ്യൂട്ടറില്ല. ഏഴേ മുക്കാൽ ലക്ഷം സ്ക്കൂളിൽ ഇൻ്റർനെറ്റില്ലയെന്നും യുപിയിൽ 5000 സ്കൂളുകൾ പൂട്ടിയെന്നും ശിവപ്രസാദ് പറഞ്ഞു. ആറിൽ ഒരു ഗവൺമെൻ്റ് സ്കൂളുകളിൽ വെള്ളമില്ല. നാലിൽ ഒന്നിൽ ശുചിമുറിയില്ല. രാജസ്ഥാനിൽ ഗവൺമെൻ്റ് സ്കൂൾ ഇടിഞ്ഞു വീണ് കുട്ടികൾ മരിച്ചുവെന്നും ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു.

വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി മാറിയ കേരളത്തിൽ ജ്ഞാനസഭ നടത്തിയത് പ്രഹസനമാണ്. വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവൽക്കരിക്കാനാണ് ആർഎസ്എസ് ജ്ഞാനസഭ നടത്തിയത്. വന്ന വൈസ് ചാൻസലർമാരിൽ ആർഎസ്എസ് അല്ലാത്തവരുണ്ടെങ്കിൽ അവർ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കണമെന്നും ജ്ഞാനസഭയിൽ മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിൽ അത്ഭുതമില്ലായെന്നും ശിവപ്രസാദ് പ്രതികരിച്ചു.

കാലിക്കറ്റ് വിസി ഡോ പി രവീന്ദ്രൻ ആർഎസ്എസിനെയും കോൺഗ്രസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.
കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ ഡോ പി രവീന്ദ്രൻ വിസി ആയിരിക്കെ തൻ്റെ ഓഫീസ് മുറിക്കകത്ത് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ട് പ്രതിപക്ഷം ഇതുവരെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ലയെന്നും ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ്ൻ്റെ ചുടു ചോറ് തിന്നുന്നയാളായി ഡോ പി രവീന്ദ്രൻ മാറുമ്പോൾ കോൺഗ്രസ് അതിൻ്റെ പങ്ക് പറ്റുന്നു. വനവാസത്തിനു പോകുമ്പോൾ വി ഡി സതീശൻ നെഹ്റുവിൻ്റെ ബുക്കുമായി പോകണമെന്നും ശിവപ്രസാദ് പരിഹസിച്ചു.