ചെന്നൈ : ഹെഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ കോച്ചിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തികരിച്ചു. ചെന്നൈ പെരമ്പൂരിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) വെച്ച് പരീക്ഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തു. ഇതോടെ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ കോച്ചുകൾ നിർമിക്കുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. നിലവിൽ ജർമനി, സ്വീഡൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസ് നടത്തുന്നത്.
മുന്നിലും പിറകിലും എഞ്ചിനുമായി 1200 എച്ച്പി ട്രെയിനാണ് ഐസിഎഫിൽ നിന്നും നിർമിക്കപ്പെടുകയെന്ന് റെയിൽ മന്ത്രി വ്യക്തമാക്കി. ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മറ്റൊരു എഞ്ചിൻ്റെ പ്രവർത്തനം അടുത്തയാഴ്ച പരീക്ഷണം നടത്തും. ഓഗസ്റ്റ് അവസാനത്തോടെ ഹൈഡ്രജൻ ട്രെയിനുകൾ ഐസിഎഫ് ഇന്ത്യൻ റെയിൽവെയ്ക്ക് കൈമാറും. തുടർന്ന് പരീക്ഷണ ഓട്ടത്തിന് ശേഷം ട്രെയിൻ പൊതുഗതാഗതത്തിനായി കമ്മിഷൻ ചെയ്യും.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 35 ട്രെയിനുകൾ ആദ്യഘട്ടത്തിൽ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നതെന്ന് 2023ൽ റെയിൽവെ മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. ഹൈഡ്രജൻ എഞ്ചിൻ ഘടിപ്പിക്കുന്ന ഒരു ട്രെയിൻ നിർമിക്കാനായി 80 കോടിയോളം രൂപ വരും. ട്രെയിൻ സർവീസിനായി ഒരു റൂട്ടിന് 70 കോടിയോളമാണ് ചിലവ് വരിക.
ഹൈഡ്രജൻ ട്രെയിനുകൾ പൂർണമായും പ്രവർത്തന സജ്ജമായാൽ ഡീസലും ഇലക്ട്രിക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡെമു ട്രെയിനുകൾക്ക് പകരം സർവീസ് നടത്തും. ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിൻ പ്രവർത്തിക്കുന്നത് ആദ്യഘട്ടത്തിൽ അൽപം ചിലവേറിയതാണെങ്കിലും ഇന്ത്യയുടെ സീറോ കാർബൺ എമിഷൻ ലക്ഷ്യവെച്ചാണ് ഈ ട്രെയിനുകൾ സർവീസ് നടത്താൻ പോകുന്നത്.
