നടപടിയെടുക്കേണ്ടതും മറുപടി പറയേണ്ടതും സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ കഴിഞ്ഞത് അകത്തുനിന്ന് സഹായം ലഭിച്ചതുകൊണ്ടാണെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ മാത്രമല്ല നാട്ടില്‍ മുഴുവന്‍ ലഹരി സുലഭമാണ്. നടപടിയെടുക്കേണ്ടതും മറുപടി പറയേണ്ടതും സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയാണ്. അത് മാറ്റേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനാണ്.

യുപി സ്‌കൂളില്‍ പോലും ഇപ്പോള്‍ ലഹരി സുലഭമായി ലഭിക്കുന്നു. അത് നിയന്ത്രിക്കാനുള്ള കഴിവും പ്രാപ്തിയും സര്‍ക്കാരിനില്ല. ഇതാരോട് ചോദിക്കാന്‍ ഇവിടെ നാഥന്‍ ഉണ്ടോ എന്നും കെ സുധാകരന്‍ ചോദിച്ചു. സര്‍ക്കാരിന്റെ പരാജയത്തിന് അവര്‍ തന്നെ മറുപടി പറയണം എന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

അതേ സമയം ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേയ്ക്ക് ഇന്ന് മാറ്റിയിരുന്നു. രാവിലെയാണ് കണ്ണൂരില്‍ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടുപോയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലില്‍ നിലവില്‍ 300 തടവുകാരാണ് ഉള്ളത്. ഇവിടെ 535 തടവുകാരെ പാര്‍പ്പിക്കാം. ജയിലിലുള്ളത് 40 ജീവനക്കാര്‍ മാത്രമാണ്. നിലവില്‍ റിപ്പര്‍ ജയാനന്ദന്‍, പാലക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര തുടങ്ങി കൊടും ക്രിമിനലുകള്‍ അതീവ സുരക്ഷാ ജയിലില്‍ ഉണ്ട്.