തിരുവനന്തപുരം: കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട . സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍,ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.