നോംപെൻ: കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി. +855 92881676 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും cons.phnompenh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.
ദീർഘകാലമായി തർക്കമുള്ള പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ രൂക്ഷമായതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഇതോടെ പതിനായിരക്കണക്കിന് പേരാണ് പലായനം ചെയ്തത്. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 58,000-ത്തിലധികം പേർ താൽക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 23,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 32 പേരാണ് മരിച്ചത്. 19 തായ് പൗരന്മാരും 13 കംബോഡിയൻ പൗരന്മാരും കൊല്ലെപ്പെട്ടെന്നാണ് ഇരും രാജ്യങ്ങളും പറയുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്നതാണ് ഈ അതിർത്തിതർക്കം. കഴിഞ്ഞെ മേയ് മാസത്തിൽ സംഘർഷത്തിൽ തായ്‌ലൻഡ് സൈനികൻ കൊല്ലപ്പെട്ടതോടെയാണ് സ്ഥിതി രൂക്ഷമായത്. കുഴിബോംബുകളാണ് പൊട്ടിയതെന്നും അവ റഷ്യൻ നിർമിതമാണെന്നും തായ്‌ലൻഡ് ആരോപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ യുദ്ധകാലത്തു പൊട്ടാതെകിടന്ന സ്ഫോടനവസ്തുക്കളാണിവയെന്നാണ് കംബോഡിയയുടെ നിലപാട്.
നിരവധി പുരാതന ക്ഷേത്രങ്ങളുള്ള അതിർത്തി പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ലോകപ്രശസ്തമായ നിരവധി പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥത ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു. വിനോദ സഞ്ചാരത്തിനായി മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ദിവസവും ഇവിടെ എത്താറുണ്ട്. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .
