കൊച്ചി: തേവരയിൽ സ്വകാര്യ ബസിടിച്ച് 18 വയസുകാരന് ദാരുണാന്ത്യം.തേവര എസ്‌എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. എളമക്കരയ്ക്കടുത്തുള്ള പുന്നയ്ക്കൽ രാഘവേന്ദ്ര സ്വാമി മഠത്തിൽ രാവിലെ ഭജനയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഗോവിന്ദ്. എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപമുള്ള പാലം ഇറങ്ങിവരുന്നത്തിനിടെ പിന്നാലെ അമിത വേഗതയിൽ വരികയായിരുന്നു സ്വകാര്യ ബസ്. ഇതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ ബസിന്റെ ഒരു ഭാഗത്ത് തട്ടി തെറിച്ച് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ ആളുകൾ ഗോവിന്ദിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ഏരൂർ റൂട്ടിലോടുന്ന നന്ദനം എന്ന ബസാണ് അപകടത്തിന് കാരണമായത്. അപകടത്തിനു പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഗോവിന്ദിന്റെ മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
