ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈല്‍ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) നടത്തിയത്. ഡിആർഡിഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈ പരീക്ഷണം ഇന്ത്യയുടെ മിസൈല്‍ ശേഷിക്ക് വലിയൊരു മുന്നേറ്റം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഭാരം കുറഞ്ഞതും, കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് ഈ മിസൈല്‍. യുദ്ധസാഹചര്യങ്ങളില്‍ ഇത് തന്ത്രപരമായ മുന്നേറ്റം സൈന്യത്തിന് നല്‍കും. അത്യാധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെ ഡിആർഡിഒയുടെ നയത്തിന് അനുസൃതമായാണ് പരീക്ഷണത്തിനായി കർണൂലിലെ കേന്ദ്രം തിരഞ്ഞെടുത്തത്. ഫിക്സഡ്-വിംഗ് യുഎവികളെയും ഡ്രോണ്‍ കൂട്ടങ്ങളെയും നിർവീര്യമാക്കിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പണുകളുടെ (DEWs) വിജയകരമായ പരീക്ഷണങ്ങള്‍ ഈ കേന്ദ്രത്തില്‍ അടുത്തിടെ നടന്നിരുന്നു.

ഇന്ത്യയുടെ ഹൈ-ടെക് പരീക്ഷണങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് വലിയ ഊർജം പകരുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. ‘കർണൂലിലുള്ള നാഷണല്‍ ഓപ്പണ്‍ ഏരിയ റേഞ്ചില്‍ യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈലിന്റെ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തി. ‘ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് വലിയൊരു ഊർജ്ജം പകർന്നതാണിത്.

യുഎല്‍പിജിഎം-വി3 സംവിധാനത്തിന്റെ വികസനത്തിനും വിജയകരമായ പരീക്ഷണങ്ങള്‍ക്കും ഡിആർഡിഒയ്ക്കും, വ്യവസായ പങ്കാളികള്‍ സ്റ്റാർട്ടപ്പുകള്‍ എന്നിവർക്കും അഭിനന്ദനങ്ങള്‍. നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യൻ വ്യവസായം ഇപ്പോള്‍ തയ്യാറാണ് എന്ന് ഈ വിജയം തെളിയിക്കുന്നു.’ പ്രതിരോധ മന്ത്രി എക്സില്‍ കുറിച്ചു.