പൂച്ചകള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ശക്തിയുള്ളത് യുവതിയെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിക്കുകയാണ്.
ബെയ്ജിങ്: പൂച്ചകള്‍ കാരണം ജീവന്‍ രക്ഷപ്പെട്ട ഒരു യുവതിയുണ്ട് അങ്ങ് ചൈനയില്‍. അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് പൂച്ചകള്‍ അസ്വാഭാവികമായി പെരുമാറിയതാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
ലിവിങ് റൂമിലെ സോഫയില്‍ ഇരിക്കുകയാണ് ഒരു സ്ത്രീ. അവളുടെ ശ്രദ്ധ മുഴുവന്‍ ഫോണിലാണ്. ലിവിങ് റൂമിന്റെ വ്യത്യസ്ത കോണുകളിലായി പൂച്ചകളുമുണ്ട്. എന്നാല്‍ ടിവി യൂണിറ്റിന് അടുത്ത് നിന്ന് പൂച്ച പെട്ടെന്ന് എന്തോ അസാധാരണമായുള്ള ശബ്ദം കേട്ട് ശ്രദ്ധിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ അത് മേശപ്പുറത്തേക്ക് ചാടിക്കയറി. മറ്റ് പൂച്ചകളും അപകടം സംഭവിച്ച് കഴിഞ്ഞാല്‍ ഓടാനുള്ള തയാറെടുപ്പ് നടത്തിക്കഴിഞ്ഞു.
അത്രയും നേരം ഫോണില്‍ ശ്രദ്ധിച്ചിരുന്ന യുവതി പൂച്ചകളുടെ കരച്ചില്‍ കേട്ട് തലയുയര്‍ത്തി നോക്കി. അപ്പോഴാണ് ടിവിയുടെ പിന്നില്‍ വലിയ ടൈലുകള്‍ കൂട്ടത്തോടെ വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ അവളും പൂച്ചകളും സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പൂച്ചകള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ശക്തിയുള്ളത് യുവതിയെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിക്കുകയാണ്.
സെന്‍സിറ്റീവ് കേള്‍വിശക്തിയുള്ള പൂച്ചകള്‍ ചുമരിലെ ചെറിയ വിള്ളലുകള്‍ പോലും ശ്രദ്ധിച്ചു, പൂച്ചകള്‍ക്ക് മോശം അടിസ്ഥാന സൗകര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൃഗങ്ങള്‍ക്ക് ചെറിയ ശബ്ദ ആവൃത്തി പോലും കേള്‍ക്കാന്‍ കഴിയും. അവയ്ക്ക് ഏറ്റവും ശക്തമായ കേള്‍വിശക്തിയുണ്ട്, എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.
