‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 74 പേർ പത്രിക നല്‍കി. വനിതകള്‍ അടക്കം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരാണ് പത്രിക നല്‍കിയത്. ഈ മാസം 31ന് ശേഷമേ പാനലുകളുടെ പൂർണവിവരം ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജോയ് മാത്യു, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക നല്‍കിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങള്‍ ജഗദീഷും ദേവനുമാണ്. ‘അമ്മ’യില്‍ യുവനേതൃത്വം വരണമെന്ന് മുതിർന്ന നടന്മാർ ആഭ്യർത്ഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടുവന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യു നല്‍കിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തില്‍ വിട്ടുനില്‍ക്കാൻ തീരുമാനിച്ചതില്‍ നാമനിർദേശ പത്രികയിലെ ഡിക്ലറേഷനില്‍ ഒപ്പിടാതിരുന്നതാണെന്ന് ജോയ് മാത്യുവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചു.
വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യ നായർ. കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാല്‍ എന്നിവ പത്രിക നല്‍കി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പത്രിക നല്‍കി. താരസംഘടനയായ ‘അമ്മ’യിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇക്കുറി കടുക്കുമെന്ന് ഉറപ്പാണ്. സരയു, വിനു മോഹൻ, ടിനി ടോം, അനന്യ, കെെലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നല്‍കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയർന്നതിനും പിന്നാലെയാണ് അമ്മയുടെ നേതൃത്വം പിരിച്ചുവിട്ടത്. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കഴിഞ്ഞ പൊതുയോഗത്തില്‍ മോഹൻലാല്‍ അറിയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 വർഷത്തെ ചരിത്രത്തില്‍ ഇത്രയും അധികം ആളുകള്‍ മത്സരിക്കാൻ വരുന്നത് ആദ്യമാണ്. 110 അഭിനേതാക്കളാണ് നിലവില്‍ നാമനിർദേശ പത്രിക വാങ്ങിയിട്ടുളളത്.
