ആറന്മുള : ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ വള്ളസദ്യ കഴിക്കാമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം. ഏകപക്ഷീയമായ തീരുമാനം പ്രതിഷേധാർഹവും ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലുള്ള കടുത്ത ലംഘനവുമാണെന്ന് അറിയിച്ച് ബോർഡിന് കത്ത് നൽകിയതായി പ്രസിഡന്റ് കെ.വി.സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു. വള്ളസദ്യകൾ വാണിജ്യവൽക്കരിക്കുന്നത് പ്രതിഷേധകരമാണ്. പള്ളിയോടക്കരകളുടെ സാന്നിധ്യം ഇല്ലാതെ 250 രൂപ നിരക്കിൽ ടിക്കറ്റ് നൽകി 27 മുതൽ നടത്തുമെന്നു ബോർഡ് അറിയിച്ചിട്ടുള്ള സദ്യകളിൽ പള്ളിയോട സേവാസംഘത്തിന് യാതൊരു പങ്കുമില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. അഭിപ്രായവ്യത്യാസം ഇല്ലെന്നു ബോർഡ് വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘവുമായി അഭിപ്രായവ്യത്യാസമില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ. ജൂൺ 10നു തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പള്ളിയോട സേവാസമിതി പ്രസിഡന്റും സെക്രട്ടറിയും ക്ഷേത്ര ഉപദേശക സമിതിയിലെ 3 അംഗങ്ങളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഒരു വള്ളസദ്യ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് തീരുമാനമെടുത്തത്. ആറന്മുള വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.