ലണ്ടൻ : സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുകെയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. മോദിയുടെയും യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് എന്നിവർ കരാറിൽ ഒപ്പിട്ടു. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുതിയ മാർഗങ്ങൾ സൃഷ്ടിക്കുന്ന കരാർ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.