ഗൂഗിള്‍ മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കു വേണമെങ്കിലും ജോലി നല്‍കാമെന്ന ടെക് കമ്പനികളുടെ നിലപാടിനേയും ട്രംപ് വിമര്‍ശിച്ചു. ഈ സമീപനം പല അമേരിക്കയ്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് അവര്‍ ലാഭം നേടുകയും എന്നാല്‍ രാജ്യത്തിന് പുറത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അയര്‍ലന്റില്‍ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇവിടുത്തെ പൗരന്‍മാരെ അവര്‍ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞു.’-ട്രംപ് വ്യക്തമാക്കി.
‘യുഎസ് ടെക് കമ്പനികള്‍ പൂര്‍ണമായും അമേരിക്കയ്ക്കൊപ്പം നില്‍ക്കണം. നിങ്ങള്‍ അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് ചെയ്യണം. അതുമാത്രമാണ് ഞങ്ങളുടെ ആവശ്യം.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
