ആലപ്പുഴ: പുന്നപ്ര സമര നായകന് അന്ത്യവിശ്രമം വലിയ ചുടുകാട്ടിൽ പ്രത്യേകം സ്ഥലത്ത്. കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്കാരം നടക്കുക. പുന്നപ്ര സമരനായകർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനം വിഎസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ സംസ്കാരച്ചടങ്ങുകളാണ് ഇവിടെ നടക്കുക. സ്മാരകത്തിൽ സംസ്കാരച്ചടങ്ങുകൾക്കായി പ്രത്യേകം വേർതിരിച്ച ഭൂമിയുണ്ട്. പുന്നപ്ര സമര നേതാവായിരുന്ന പി.കെ.ചന്ദ്രാനന്ദൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ സമരനായകനും സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ വിഎസിനായി പ്രത്യേകം സ്ഥലം പാർട്ടി തയാറാക്കുകായിരുന്നു.
വലിയ ചുടുകാട്ടിൽ പ്രവേശന ഗേറ്റിന്റെ ഇടതു ഭാഗത്താണ് വിഎസിന്റെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേകം സ്മാരകം തയാറാക്കുന്നുണ്ടോ എന്നു തീരുമാനിച്ചിട്ടില്ല. വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സിപിഎം ഏരിയ സെന്ററിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്ക്ക് ഉപയോഗിക്കുന്നതെന്ന് സെന്റർ അംഗം വി.ജി. വിഷ്ണു പറഞ്ഞു. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചതിനു ശേഷം വിഎസിന്റെ മകൻ അരുൺ കുമാർ ചിതയിൽ തീ പകരും. മറ്റു ചടങ്ങുകൾ ഇവിടെ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് നിൽക്കാനായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്.
