നോയിഡ: മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച്‌, ഇന്ന് രാവിലെ ഹിൻഡണ്‍ വ്യോമതാവളത്തിലെത്തി. യുഎസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലേക്ക് എത്തിച്ചത്. പുതുതായി ലഭിച്ച ഹെലികോപ്റ്ററുകള്‍ ഇന്ത്യൻ ആർമിയുടെ ഏവിയേഷൻ കോർപ്സിന് കൈമാറുന്നതിന് മുമ്പ് പരിശോധനകള്‍ക്ക് വിധേയമാക്കും.

ഈ ഹെലികോപ്റ്ററുകള്‍ കൃത്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ജോധ്പൂരിലെ അവരുടെ താവളത്തിലേക്ക് പറക്കും. ഹെലികോപ്റ്ററുകളുടെ വരവിനെ ഒരു നാഴികക്കല്ലായി ഇന്ത്യൻ സൈന്യം വിശേഷിപ്പിച്ചു. ഈ അത്യാധുനിക ഹെലികോപ്റ്ററുകള്‍ സൈന്യത്തിന്റെ പ്രവർത്തന ശേഷിയെ ശക്തിപ്പെടുത്തുമെന്ന് അവർ പറഞ്ഞു. ‘ആർമി ഏവിയേഷനു വേണ്ടിയുള്ള ആദ്യ ബാച്ച്‌ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യയിലെത്തുന്നു, ഇത് ഇന്ത്യൻ സൈന്യത്തിന് ഒരു നാഴികക്കല്ലാണ്,’ സൈന്യത്തിന്റെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു.