മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഓര്‍മക്കുറിപ്പുമായി നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ മനോജ് ഗിന്നസ്. ‘എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറ്റവുമധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്ന് മനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ
പ്രിയ സഖാവിനു വിട…ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അതേറ്റുവാങ്ങി… ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു “എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്.
അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്.പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു “എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്.” അപ്പോൾ എനിക്കത്രയേ വിലയൊള്ളോ “എന്ന് പറഞ്ഞു ചിരിച്ചു…ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
